1 Samuel 6

പേടകം ഇസ്രായേലിൽ തിരിച്ചെത്തുന്നു

1ഏഴുമാസക്കാലം യഹോവയുടെ പേടകം ഫെലിസ്ത്യരുടെ ദേശത്തായിരുന്നു. 2ഫെലിസ്ത്യർ പുരോഹിതന്മാരെയും ദേവപ്രശ്നംവെക്കുന്നവരെയും വിളിച്ചുവരുത്തി അവരോട്: “യഹോവയുടെ പേടകം നാം എന്തു ചെയ്യണം? അതിന്റെ സ്ഥാനത്തേക്കു നാം അതെങ്ങനെ തിരിച്ചയയ്ക്കണം എന്നു പറഞ്ഞുതന്നാലും” എന്നു പറഞ്ഞു.

3അവർ മറുപടി പറഞ്ഞു: “ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം നിങ്ങൾ തിരിച്ചയയ്ക്കുന്നു എങ്കിൽ അത് ഒരു പ്രായശ്ചിത്തംകൂടാതെ ആയിരിക്കരുത്; തീർച്ചയായും ഒരു അകൃത്യയാഗംകൂടി കൊടുത്തയയ്ക്കണം. അപ്പോൾ നിങ്ങൾക്ക് സൗഖ്യം ലഭിക്കും. അവിടത്തെ കൈ നിങ്ങളിൽനിന്നു പിൻവലിക്കാതിരുന്നതിന്റെ കാരണവും നിങ്ങൾക്കു മനസ്സിലാകും.”

4“അകൃത്യയാഗമായി ഞങ്ങൾ എന്താണു കൊടുത്തുവിടേണ്ടത്?” എന്നു ചോദിച്ചു.

അതിന് അവർ ഇപ്രകാരം മറുപടി പറഞ്ഞു: “ഫെലിസ്ത്യഭരണാധിപന്മാരുടെ സംഖ്യയ്ക്കൊത്തവിധം സ്വർണംകൊണ്ടുള്ള അഞ്ചുമൂലക്കുരുവും അഞ്ചു സ്വർണ എലിയും കൊടുത്തുവിടണം. കാരണം, ഈ ബാധകൾതന്നെയാണല്ലോ നിങ്ങളെയും നിങ്ങളുടെ ഭരണാധിപന്മാരെയും പീഡിപ്പിച്ചിരുന്നത്.
5നിങ്ങളെ ബാധിച്ച മൂലക്കുരുക്കളുടെയും നിങ്ങളുടെ നാടു നശിപ്പിച്ച എലികളുടെയും പ്രതിരൂപങ്ങൾ സ്വർണത്തിൽ തീർത്ത് ഇസ്രായേലിന്റെ ദൈവത്തെ മഹത്ത്വപ്പെടുത്തുകയും ചെയ്യുക! ഒരുപക്ഷേ നിങ്ങളിൽനിന്നും നിങ്ങളുടെ ദേവന്മാരിൽനിന്നും നിങ്ങളുടെ നാട്ടിൽനിന്നും യഹോവ തന്റെ കൈ പിൻവലിച്ചേക്കാം. 6ഈജിപ്റ്റുകാരും ഫറവോനും ചെയ്തതുപോലെ നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കുന്നതെന്തിന്? യഹോവ യാതൊരു ദയയുമില്ലാതെ അവരോട് ഇടപെട്ടതിനുശേഷംമാത്രമല്ലേ അവർ ഇസ്രായേലിനെ വിട്ടയയ്ക്കുകയും പോകുകയും ചെയ്തത്?

7“ഇപ്പോൾത്തന്നെ, ഒരു പുതിയ വണ്ടി ഉണ്ടാക്കുക. കറവയുള്ളതും ഒരിക്കലും നുകം വെച്ചിട്ടില്ലാത്തതുമായ രണ്ടു പശുക്കളെ കൊണ്ടുവന്ന് വണ്ടിയുടെ നുകത്തിൽ കെട്ടുക. അവയുടെ കിടാങ്ങളെ വേർപെടുത്തി തൊഴുത്തിൽ അടച്ചിടുക! 8യഹോവയുടെ പേടകം എടുത്ത് വണ്ടിയിൽ വെക്കുക! അതിന്റെ പാർശ്വത്തിൽ ഒരു പെട്ടിയിൽ നിങ്ങൾ അകൃത്യയാഗമായി കൊടുത്തയയ്ക്കുന്ന സ്വർണസാധനങ്ങളും വെക്കുക! പിന്നെ വണ്ടി അതിന്റെ വഴിക്കു വിട്ടയയ്ക്കുക. 9എന്നാൽ നിങ്ങൾ അതിനെ നിരീക്ഷിക്കണം; അത് സ്വന്തം ദേശമായ ബേത്-ശേമെശിലേക്ക് പോകുന്നെങ്കിൽ യഹോവ ആകുന്നു ഈ മഹാവിപത്തു നമ്മുടെമേൽ വരുത്തിയതെന്നു നമുക്കു മനസ്സിലാക്കാം. അങ്ങനെയല്ലെങ്കിൽ നമ്മെ പീഡിപ്പിച്ചത് യഹോവയുടെ കൈ അല്ലെന്നും യാദൃച്ഛികമായി അപ്രകാരം സംഭവിച്ചതാണെന്നും നമുക്കു മനസ്സിലാകും.”

10അവർ അപ്രകാരംചെയ്തു. അവർ കറവയുള്ള രണ്ടു പശുക്കളെ കൊണ്ടുവന്ന് വണ്ടിയുടെ നുകത്തിൽ കെട്ടി; അവയുടെ കാളക്കിടാങ്ങളെ തൊഴുത്തിൽ അടച്ചുമിട്ടു. 11സ്വർണനിർമിതമായ എലികളും മൂലക്കുരുക്കളുടെ പ്രതിരൂപങ്ങളും അടക്കംചെയ്ത പെട്ടിസഹിതം, അവർ യഹോവയുടെ പേടകം കൊണ്ടുവന്ന് ആ വണ്ടിയിൽവെച്ചു. 12അപ്പോൾ പശുക്കൾ നേരേ ബേത്-ശേമെശിലേക്ക്, ഇടംവലം തിരിയാതെ പെരുവഴിയിലൂടെ കരഞ്ഞുകൊണ്ട് മുമ്പോട്ടുപോയി. ഫെലിസ്ത്യഭരണാധിപന്മാർ ബേത്-ശേമെശിന്റെ അതിർത്തിവരെയും അവയെ പിൻതുടർന്നു.

13ആ സമയം ബേത്-ശേമെശിലെ ജനങ്ങൾ താഴ്വരയിൽ ഗോതമ്പു കൊയ്യുകയായിരുന്നു; അവർ തലയുയർത്തിനോക്കി; യഹോവയുടെ ഉടമ്പടിയുടെ പേടകം കണ്ടപ്പോൾ, അവർ ആഹ്ലാദിച്ചു. 14ബേത്-ശേമെശുകാരനായ യോശുവയുടെ വയലിന്നരികെ വണ്ടിയെത്തി; അവിടെ ഒരു വലിയ പാറയുടെ അരികത്തു വണ്ടിനിന്നു. ജനം വണ്ടിയുടെ തടി വെട്ടിക്കീറി പശുക്കളെ യഹോവയ്ക്കു ഹോമയാഗമായി അർപ്പിച്ചു. 15ലേവ്യർ യഹോവയുടെ പേടകം സ്വർണരൂപങ്ങൾ അടക്കംചെയ്തിരുന്ന പെട്ടിസഹിതം ഇറക്കി ആ വലിയ പാറപ്പുറത്ത് വെച്ചു. അന്ന് ബേത്-ശേമെശിലെ ജനം യഹോവയ്ക്കു ഹോമയാഗങ്ങളും മറ്റുയാഗങ്ങളും അർപ്പിച്ചു. 16അഞ്ചു ഫെലിസ്ത്യഭരണാധിപന്മാരും ഇവയെല്ലാം കണ്ടതിനുശേഷം അന്നുതന്നെ എക്രോനിലേക്കു മടങ്ങി.

17ഫെലിസ്ത്യർ യഹോവയ്ക്ക് അകൃത്യയാഗമായി കൊടുത്തുവിട്ട സ്വർണമൂലക്കുരുക്കൾ, അശ്ദോദിനും ഗസ്സയ്ക്കും അസ്കലോനും ഗത്തിനും എക്രോനും ഓരോന്നു വീതമായിരുന്നു. 18സ്വർണ എലികളുടെ എണ്ണവും ഫെലിസ്ത്യഭരണാധിപന്മാരുടെ അധീനതയിലുള്ള നഗരങ്ങളുടെ—സംരക്ഷിതനഗരങ്ങളും അവയോടുചേർന്ന നാട്ടിമ്പുറങ്ങളിലുള്ള ഗ്രാമങ്ങളുടെ—എണ്ണത്തിനൊത്തവിധം ആയിരുന്നു. ബേത്-ശേമെശുകാരൻ യോശുവയുടെ വയലിലുണ്ടായിരുന്നതും യഹോവയുടെ പേടകം ഇറക്കിവെച്ചതുമായ പാറ ഇന്നുവരെയും ഈ സംഭവത്തിന് ഒരു സാക്ഷ്യമായിരിക്കുന്നു.

19യഹോവയുടെ പേടകത്തിനുള്ളിലേക്കു നോക്കിയതിനാൽ ബേത്-ശേമെശുകാരിൽ ചിലരെ ദൈവം സംഹരിച്ചു; അവരിൽ എഴുപതുപേരെ
ചി.കൈ.പ്ര. 50,070
മരണത്തിനിരയാക്കി. യഹോവ അവരുടെമേൽ ഏൽപ്പിച്ച കനത്തപ്രഹരംമൂലം ജനം വിലപിച്ചു.
20ബേത്-ശേമെശുകാർ പറഞ്ഞു: “യഹോവയുടെ സന്നിധിയിൽ, ഈ പരിശുദ്ധനായ ദൈവത്തിന്റെസന്നിധിയിൽ നിൽക്കാൻ ആർക്കു കഴിയും? നമുക്ക് ഇവിടെനിന്ന് ഈ പേടകം എങ്ങോട്ട് അയയ്ക്കാൻ കഴിയും?”

21അതിനുശേഷം അവർ കിര്യത്ത്-യെയാരീമിലേക്കു ദൂതന്മാരെ അയച്ചു പറയിച്ചു: “യഹോവയുടെ പേടകം ഫെലിസ്ത്യർ തിരികെ അയച്ചിരിക്കുന്നു. നിങ്ങൾ വന്ന് അത് ഏറ്റെടുത്ത് നിങ്ങളുടെ അടുക്കലേക്കു കൊണ്ടുപോകുക!”

Copyright information for MalMCV